Thursday, October 12, 2006

എയ്ഡഡ് സ്കൂളുകളും കേരളവും

യഥാ രാജ, തഥാ പ്രജാ എന്നും തിരിച്ച് യഥാ പ്രജാ, തഥാ രാജ എന്നും പറഞ്ഞു കളിക്കുകയാണിപ്പോള്‍ പൊതുജനവും രാഷ്ട്രീയക്കാരും. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരവും ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ടാകണം ഈ കള്ളകണ്ണുപൊത്തിക്കളി.

കുറച്ചൊന്നു പുറകോട്ട് പോയാല്‍ എയ്ഡഡ് സ്കൂളുകളിലാണ്‍ ഇന്നത്തെ രാജാവും പ്രജയുമൊക്കെ ഈ ഗതിയിലായതിന്റെ ഒരു കാരണമെന്ന് കാണാം. കാരണങ്ങള്‍ മറ്റനവധിയുണ്ടെങ്കിലും...

സ്കൂളുകളില്‍ നിന്ന് തുടങ്ങുന്നു വ്യക്തിയുടെ സാമൂഹിക ബോധവും തിരിച്ചറിവുകളും. ചരിത്രം പൌരധര്‍മ്മം അങ്ങനെ എന്തൊക്കെയോ പഠിപ്പിക്കുന്നുമുണ്ടല്ലോ സ്കൂളുകളില്‍. പിന്നെന്തുപറ്റി?

എയ്ഡഡ് സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും വന്നപ്പോള്‍, നിയമനം പലവഴിക്കായി. കാശ് കൊടുത്തും ശുപാര്‍ശയുടെ ബലത്തിലും വന്നു കയറിയവരായി അദ്ധ്യാപകര്‍. അവര്‍ക്കെന്ത് സാമൂഹികബോധം? എന്ത് മൂല്യങ്ങളാവും അവര്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക? അവിടെയാവണം ഒരു സമൂഹത്തിന്റെ അടിതെറ്റിപ്പോയത്. വിദ്യാലയങ്ങളാണ്‍ സമൂഹത്തെ നിര്‍മ്മിക്കുന്ന ഫാക്ടറികളെന്നാണെന്റെ വിശ്വാസം, പിന്നെ കുടുംബവും. ഇതൊരു കൂട്ടു പ്രവര്‍ത്തനമാണ്‍. വിദ്യാലയങ്ങളെന്നു പറഞ്ഞാല്‍ അടിസ്ഥാനവിദ്യാഭ്യാസം തന്നെ. അവിടെ മുതല്‍ മുടക്കാന്‍ കാശില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍, ചെയ്യുന്നത് വന്‍ ചതിയാണ്. സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് ചോറില്ലെന്നു പറയുന്നതു പോലെയല്ലേ ഇത്?

പക്ഷേ അതിനും മുന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനം വഴിതെറ്റിപ്പോകില്ലായിരുന്നു? അതെന്തായിരിക്കും?