Thursday, October 12, 2006

എയ്ഡഡ് സ്കൂളുകളും കേരളവും

യഥാ രാജ, തഥാ പ്രജാ എന്നും തിരിച്ച് യഥാ പ്രജാ, തഥാ രാജ എന്നും പറഞ്ഞു കളിക്കുകയാണിപ്പോള്‍ പൊതുജനവും രാഷ്ട്രീയക്കാരും. എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരവും ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ടാകണം ഈ കള്ളകണ്ണുപൊത്തിക്കളി.

കുറച്ചൊന്നു പുറകോട്ട് പോയാല്‍ എയ്ഡഡ് സ്കൂളുകളിലാണ്‍ ഇന്നത്തെ രാജാവും പ്രജയുമൊക്കെ ഈ ഗതിയിലായതിന്റെ ഒരു കാരണമെന്ന് കാണാം. കാരണങ്ങള്‍ മറ്റനവധിയുണ്ടെങ്കിലും...

സ്കൂളുകളില്‍ നിന്ന് തുടങ്ങുന്നു വ്യക്തിയുടെ സാമൂഹിക ബോധവും തിരിച്ചറിവുകളും. ചരിത്രം പൌരധര്‍മ്മം അങ്ങനെ എന്തൊക്കെയോ പഠിപ്പിക്കുന്നുമുണ്ടല്ലോ സ്കൂളുകളില്‍. പിന്നെന്തുപറ്റി?

എയ്ഡഡ് സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും വന്നപ്പോള്‍, നിയമനം പലവഴിക്കായി. കാശ് കൊടുത്തും ശുപാര്‍ശയുടെ ബലത്തിലും വന്നു കയറിയവരായി അദ്ധ്യാപകര്‍. അവര്‍ക്കെന്ത് സാമൂഹികബോധം? എന്ത് മൂല്യങ്ങളാവും അവര്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക? അവിടെയാവണം ഒരു സമൂഹത്തിന്റെ അടിതെറ്റിപ്പോയത്. വിദ്യാലയങ്ങളാണ്‍ സമൂഹത്തെ നിര്‍മ്മിക്കുന്ന ഫാക്ടറികളെന്നാണെന്റെ വിശ്വാസം, പിന്നെ കുടുംബവും. ഇതൊരു കൂട്ടു പ്രവര്‍ത്തനമാണ്‍. വിദ്യാലയങ്ങളെന്നു പറഞ്ഞാല്‍ അടിസ്ഥാനവിദ്യാഭ്യാസം തന്നെ. അവിടെ മുതല്‍ മുടക്കാന്‍ കാശില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍, ചെയ്യുന്നത് വന്‍ ചതിയാണ്. സ്വന്തം വീട്ടില്‍ കുട്ടികള്‍ക്ക് ചോറില്ലെന്നു പറയുന്നതു പോലെയല്ലേ ഇത്?

പക്ഷേ അതിനും മുന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എയ്ഡഡ് സ്കൂളുകളിലെ നിയമനം വഴിതെറ്റിപ്പോകില്ലായിരുന്നു? അതെന്തായിരിക്കും?

5 Comments:

Anonymous Anonymous said...

വേറിട്ട കാഴ്ച്ചപ്പാട്.കേരളത്തിന്റെ സമകാലിക അവസ്ഥകളെ ഇങ്ങനെ അപഗ്രഥിക്കുന്നത് നന്ന്.
നമ്മുടെ തെറ്റുകള്‍ നമുക്ക് ഒരല്‍പ്പം വൈകിയെങ്കിലും
ബോദ്ധ്യപ്പെടുന്നത് വലിയ കാര്യമാണ്

5:24 AM  
Blogger മൂഷികന്‍‌ said...

വിഷ്ണു,
ബോദ്ധ്യങ്ങള്‍ ഒരു വലിയ കൂട്ടത്തിനുണ്ടായെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. മാറ്റങ്ങള്‍ ലാര്‍ജ് സെകെയിലിലല്ലെങ്കില്‍ കാര്യമില്ലല്ലോ...

10:38 PM  
Blogger കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു ജനാധിപത്യ രാജ്യത്തേ ജനങ്ങള്‍ക്ക്‌ വളരേ അധികം ഉത്തരവാദിത്തങ്ങളുണ്ട്‌. എന്നാല്‍ നമ്മള്‍ എന്താണ്‌ ചെയ്യുന്നത്‌ എല്ലാം ഗവര്‍മെന്റിനേ ഏല്‍പ്പിച്ച്‌ വെറുതേ ഇരിക്കുന്നു. ഫലത്തില്‍ ജനാധിപത്യം കൊണ്ട്‌ നാം അര്‍ത്ഥമാക്കുന്നത്‌ രാജാവിനെ തെരഞ്ഞെടുക്കുക. അതോടു കൂടി നമ്മുടേ ഉത്തരവാദിത്വം തീര്‍ന്നു. രാജ ഭരണത്തിന്റെ ഹാങ്ങ്‌ ഓവറില്‍ നിന്ന് നാം ഇതു വരേ മുക്തി നേടിയിട്ടില്ല. അതു കൊണ്ടാണ്‌ യഥാ രാജാ തഥാ പ്രജാ എന്നു പറയുന്നത്‌. എന്നാല്‍ ജനാധിപത്യ രാജ്യത്തേ പ്രജകളുടേ നിലവാരമാണ്‌ ഭരണാധികാരികള്‍ക്കുണ്ടാകുക. ഇനി സര്‍ക്കരിന്‌ എങ്ങനെയാണ്‌ ഫണ്ട്‌ ഉണ്ടാകുക്‌ നാം കൃത്യമായി നികുതി കൊടുക്കണം. എന്നാല്‍ സംഘടിതമായി നാം നികുതി പിരിവിനേ നേരിടുന്നു

ചില ഉദാഹരണങ്ങള്‍

1 വ്യാപാരി വ്യവസായികള്‍ വില്‍പന നികുതി ഉദ്യോഗസ്ഥരേ നേരിട്ടത്‌
2 ബില്ലില്ലാതെ സ്വര്‍ണ്ണം വാങ്ങുന്നത്‌
3 ആധാരം ചെയ്യുമ്പോള്‍ യതാര്‍ത്ഥ തുക കാണിക്കാതിരിക്കുന്നു
4 വീടിന്‌ നികുതി ഇടാന്‍ വരുന്ന ഉദ്യോഗ്ഗസ്ഥരേ സ്വാധീനിച്ച്‌ നികുതി കുറപ്പിക്കുന്നു
5 ബാങ്ക്‌ വായ്പയെടുക്കാന്‍ വരുമാനം കൂട്ടിക്കാണിക്കുകയും ഉന്നത്‌ വിദ്യാഭ്യാസത്തിന്‌ ഫീസിളവു ലഭിക്കാന്‍ വരുമാനം കുറച്ചു കാണിക്കുകയും ചെയ്യുന്നു.

അപ്പോള്‍ ഈ പ്രജകളുടേ സ്വഭാവ ഗുണങ്ങള്‍ അവര്‍ തെരെഞ്ഞെടുക്കുന്നാ രാജാക്കന്മാര്‍ക്കും ഉണ്ടാകില്ലേ?

11:44 PM  
Blogger മൂഷികന്‍‌ said...

അതെ കിരണ്‍, താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ എങ്ങിനെയാണ്‍ ആ അവസ്ഥയില്‍ നമ്മുടെ സമൂഹം എത്തിച്ചേര്‍ന്നത്? അല്ലെങ്കില്‍ ബഹുഭൂരിപക്ഷം എന്തുകൊണ്ട് ടാക്സ് അടയ്ക്കാതെയും ബില്ല് വാങ്ങാതെയും തരികിട കളിക്കുന്നത്?

സമൂഹത്തിനുള്ളില്‍ ഇത്തരം പ്രവണതകള്‍ എക്കാലത്തും എല്ലായിടത്തും ഉണ്ടായിരിക്കും എന്നു തന്നെയാണ്‍ എന്റെ വിശ്വാസം. പക്ഷേ അതൊരു വലിയ വിഭാഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നത് എവിടെ നിന്നാണെന്നാണ് അന്വേഷിക്കേണ്ടത്?

4:08 AM  
Blogger കിരണ്‍ തോമസ് തോമ്പില്‍ said...

മൂഷികാ ഞാന്‍ ആദ്യമേ പറഞ്ഞല്ലോ നമ്മള്‍ ഒരിക്കലും ജനാധിപത്യത്തേ ഉള്‍ക്കൊള്ളാന്‍ തയ്യറയിട്ടില്ല. രാജഭരണമാണ്‌ നമ്മള്‍ അര്‍ഹിക്കുന്നത്‌. ജനാധിപത്യം നമുക്ക്‌ ഒരു ആര്‍ഭാടമാണ്‌. താങ്കള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌ ഉന്നത കുല ജാതരായിരുന്നില്ല. അല്‍പസ്വല്‍പമൊക്കേ തരികിട പാര്‍ട്ടിസ്സായിരുന്നു. എന്നിട്ടും അവര്‍ ഒരു നല്ല ജനാധിപത്യ സമൂഹം കെട്ടിപ്പെടുത്തൂ. 30% വരേ ടാക്സ്‌ കൊടുക്കുന്നൂ അവര്‍. രാജ്യത്തിന്റെ വളര്‍ച്ചക്ക്‌ അത്‌ ആവശ്യമെന്ന് അവര്‍ കണക്കക്കുന്നു. അപ്പോള്‍ നമ്മുടേ പ്രശ്നം നമുക്ക്‌ ജനാധിപത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നാം തയ്യാറാകാത്തതാണ്‌. ഒരു ചെറിയ ഉദാഹരണത്തിലൂടേ ഞാന്‍ അത്‌ വ്യക്തമാക്കാം. നമ്മുടേ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളില്‍ കോടിക്കണക്കിനു രൂപ ലാപ്സായി പോകുന്നുണ്ട്‌. കാരണമെന്തെന്നോ നല്ല പദ്ധതികള്‍ അവതരിപ്പിച്ച്‌ തുക വിനിയോഗിക്കാന്‍ കഴിയാത്തതുകൊണ്ട്‌. എന്നാല്‍ ഈ കുറ്റം നമ്മള്‍ മെമ്പര്‍മ്മാരുടേയും ഉദ്യോഗസ്തരുടേയും തലയില്‍ കെട്ടി വയ്ക്കും. എന്നാല്‍ എങ്ങനെയാണ്‌ നല്ല പദ്ധതികളുണ്ടാകുക. ഗ്രാമ സഭകള്‍ കൂടുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവരാണ്‌ ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്‌. എന്നാല്‍ ഗ്രാമ സഭകളില്‍ വിരളില്‍ എണ്ണാവുന്ന ആള്‍ക്കാര്‍പ്പോലും പങ്കെടുക്കില്ല. അപ്പോള്‍ മെമ്പര്‍മ്മാരും ഉദ്യോഗസ്തരുംകൂടി എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടും. അതൊന്നും ചിലപ്പോള്‍ നടന്നന്നു തന്നേ വരില്ല.

ഇതുപോലേ പൊതു സമൂഹങ്ങളില്‍ ഇടപെടേണ്ട സമയങ്ങളില്‍ നാം തികച്ചും നിഷ്ക്രിയത്തം കാട്ടും എന്നിട്ട്‌ എല്ലാത്തിനും രാഷ്ട്രീയക്കാരെ കുറ്റം പറയും. ജനാധിപത്യ സമൂഹത്തില്‍ പൌരന്റെ ഇടപെടല്‍ അത്രക്കനിവാര്യമാണ്‌. അതിനു നാം തയ്യാറായല്‍ വന്‍ മാറ്റം ഉറപ്പ്‌.

പിന്നെ നമ്മുടേ നാട്ടിലെ ഏതെങ്കിലും മതങ്ങള്‍ക്ക്‌ സാമ്പത്തീക പ്രതിസന്തിയുണ്ടോ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടോ ? സാമുദായിക സംഘടനകള്‍ക്കുണ്ടോ? സംസ്കാരിക സംഘടനകള്‍ക്കുണ്ടോ? ഇല്ല എല്ലാവരും സമ്പന്നര്‍ അവര്‍ പത്രം നടത്തുന്നു, ചാനല്‍ നടത്തുന്നു, വിദ്യാഭ്യസ മെഡിക്കല്‍ സ്ഥപനങ്ങള്‍ നടത്തുന്നു, ശക്തി പ്രകടനം നടത്തുന്നു. പക്ഷേ പാവം സര്‍ക്കാര്‍ മാത്രം ഒന്നിനും ഫണ്ടില്ലാതെ വലയുന്നു.

ഒരു സമൂഹത്തിന്‌ അര്‍ഹിക്കുന്ന ഭരണധികാരികളേ അവര്‍ക്കു കിട്ടുകയുള്ളൂ എന്ന് ബര്‍ണാഡ്‌ ഷാ പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ഓരോ വ്യക്തിയും തങ്ങളുടെ കടമകളേക്കുറിച്ച്‌ ബോധവാനകുക അതാണ്‌ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത്‌

4:56 AM  

Post a Comment

<< Home